Monday, 19 June 2017

ട്രാഫിക്ക് ബ്ലോക്ക്


വർഷങ്ങൾക്ക് ശേഷമാണയാൾ ആ വഴി പോകുന്നത്. സത്യത്തിൽ, അടുത്തബന്ധുവിന്റെ മരണവാർത്ത അയാളെ അതു വഴി പോകാൻ നിർബന്ധിതനാക്കുകയായിരുന്നു. അല്ലാത്തപക്ഷം മുൻപ് പലവട്ടം, പലകാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയത് പോലെ ആ യാത്രയും അയാൾ ഒഴിവാക്കുമായിരുന്നു.  ബസ്സ് മുൻപരിചയമുള്ളിടങ്ങളിൽ കൂടി പോയപ്പോൾ അയാൾ പഴയ സ്ഥലങ്ങളും മുഖങ്ങളും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഗ്രാമവേഷമഴിച്ച് കളഞ്ഞ്, ചെറുപട്ടണമാകാനുള്ള വ്യഗ്രത അവിടെ പ്രകടമാണ്‌, ചുറ്റുപാടുകളിൽ മാത്രമല്ല, മനുഷ്യരിലും. നിരവധി കാറുകൾ, ബൈക്കുകൾ, നിരത്തിലേക്ക് തലനീട്ടി നില്ക്കുന്ന കടകൾ. പട്ടണങ്ങളുടെ പ്രഥമലക്ഷണമായ തിരക്കാണെവിടെയും. അയാൾ മുൻപരിചയമുണ്ടായിരുന്ന മരങ്ങളും, ചില ചെറിയ പീടികകളും തിരഞ്ഞു. മരങ്ങൾക്ക് പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ. പീടികകൾക്ക് പകരം പരസ്യം കൊണ്ട് പരിചിതമായ പേരുകളെഴുതിയ വലിയ ഷോപ്പുകൾ. അങ്ങാടിക്കുരുവികൾ അപ്രത്യക്ഷമായിരിക്കുന്നു. പുനർജ്ജനിച്ച ഓർമ്മകൾക്ക് ഒത്തുനോക്കാൻ അവിടെ ഒരു കാഴ്ച്ചയും ബാക്കിയുണ്ടായിരുന്നില്ല. താൻ പുതിയ ഏതോ സ്ഥലത്ത് വന്നുപെട്ടതായും സ്വയമൊരു അപരിചിതനായി മാറിപോയതായുമയാൾക്ക് തോന്നി.

ബസ്സിന്റെ പാതിയടഞ്ഞ പച്ചഷട്ടർ മുഴുവനായുമുയർത്തി വെച്ചയാൾ ചുറ്റിലും കണ്ണോടിച്ചു. പരിചിതമുഖങ്ങൾ ഇപ്പോഴുമിവിടെ ഉണ്ടാവും. ഏതെങ്കിലും കെട്ടിടങ്ങൾക്കുള്ളിൽ അല്ലെങ്കിൽ വാഹനങ്ങൾക്കുള്ളിൽ. ഒരുപക്ഷെ അവർ പലരും തന്റെ ഓർമ്മയെ പരാജയപ്പെടുത്തും വിധം മാറിപോയിട്ടുണ്ടാവും. മുഖങ്ങളിൽ മറക്കാനാവുംവിധം ശ്രമിച്ച ഒരു മുഖമേയുള്ളൂ. എന്നാലിപ്പോൾ..ആൾക്കൂട്ടത്തിനിടയിൽ ആ മുഖം മാത്രമേ തിരയാൻ തോന്നുന്നുള്ളൂ. സത്യത്തിലവൾ എന്തിനാവും വേർപിരിയണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്?. അതും പന്ത്രണ്ട് വർഷം നീണ്ട ദാമ്പത്യബന്ധത്തിനു ശേഷം?. കുട്ടികൾ ഉണ്ടാവാത്തത് അവളുടെ ശരീരത്തിൽ സംഭവിച്ച ചില ജൈവീകമായ മാറ്റങ്ങൾ കാരണമെന്ന് നിരവധി തവണ വെളിപ്പെട്ടിട്ടും താൻ കുറ്റപ്പെടുത്തിയതേ ഇല്ലല്ലോ. എന്നിട്ടും..എത്രയെത്ര ചികിത്സകൾ. വിജയിക്കും എന്ന് ശുഭപ്രതീക്ഷ പലവട്ടം അവസാനനിമിഷം നിരാശയായി കൊഴിഞ്ഞടർന്നത്.. ഒരു കുഞ്ഞിന്റെ അച്ഛനാവണമെന്ന തന്റെ അദമ്യമായ ആഗ്രഹത്തിനൊരു തടസ്സമാവരുതെന്ന തോന്നലിൽ തന്നെ സ്വതന്ത്രനാക്കിയതാവുമോ അവൾ?. തനിക്കാ സ്വാതന്ത്ര്യം വേണ്ടെന്നത്ര വട്ടം വാദിച്ചതാണ്‌..വേർപെടുത്തിയാലും താനിനി മറ്റൊരു വിവാഹം കഴിക്കില്ലെന്ന് പറഞ്ഞിട്ടും..അതോ അവൾ തന്റെ സാന്ത്വനവും ആശ്വാസവാക്കുകളും മടുത്തു തുടങ്ങിയതു കൊണ്ടാവുമോ?. എന്തിനാവുമവൾ തന്നെ കാണുമ്പോഴൊക്കെയും നിരാശ വന്നു മൂടുന്നു എന്ന് പറഞ്ഞത്..നുണയായിരുന്നില്ലെ ആ കുറ്റപ്പെടുത്തലുകൾ?..അയാൾ ഓർക്കാനിഷ്ടപ്പെടാത്തത് പലതും ഓർത്തു കൊണ്ടിരുന്നു.

എല്ലാം ഒപ്പുകളിലാണാരംഭിക്കുന്നത്. അവസാനിക്കുന്നതും ഒപ്പുകളിൽ തന്നെ. മഷി കൊണ്ട് വരച്ച അമൂർത്തരൂപങ്ങളിലെത്ര മനുഷ്യരുടെ ജീവിതങ്ങൾ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു. എത്ര വിചിത്രമാണത്!. വിവാഹരജിസ്ട്രറിൽ ഒപ്പുവെയ്ക്കുമ്പോൾ ചുറ്റും അനുഗ്രഹം നിറഞ്ഞ പരിചിതമുഖങ്ങളുണ്ടായിരുന്നു. എന്നാൽ വേപിരിയുമ്പോൾ..അപരിചിതരുടെ നടുവിൽ..എല്ലാമൊരുതരം യാന്ത്രികതയോടെ..അയാൾ പുതുകാഴ്ച്ചകളിലൂടെ അലക്ഷ്യമായി കണ്ണൊടിച്ച് ചിന്തകളെ വഴിതിരിച്ചു വിടാൻ ശ്രമിച്ചു.

ഇപ്പോൾ ഓർമ്മകൾക്കൊപ്പമായിരിക്കുന്നു ജീവിതം. ജീവിതം ഒരുപിടി ഓർമ്മകൾ മാത്രം. വൃദ്ധിക്ഷയം വന്ന നാളുകളിൽ എടുത്തോമനിക്കാൻ ഓർമ്മകൾ മാത്രം ബാക്കി. വേർപിരിയാൻ കൂട്ടാക്കാത്ത കൂട്ടുകാരാണവർ. എവിടെ വെച്ചാണാ മുഖം ആദ്യം കണ്ടത്?. ഒരു ബസ്സ്റ്റോപ്പിൽ വെച്ചായിരുന്നില്ലെ?. അതും ആൾത്തിരക്കിനിടയിൽ മറ്റുള്ളവർക്ക് ആകർഷണമൊന്നും തോന്നാത്ത ഒരു മുഖം. ഒരു നേർത്ത പുഞ്ചിരിയിലാരംഭിച്ച്, ചെറുഭാഷണങ്ങളിലൂടെ വളർന്ന സൗഹൃദം. അതൊരു പ്രണയമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ്..എത്ര പെട്ടെന്നായിരുന്നു പിന്നീടെല്ലാം?..പുരോഗമനചിന്താഗതിയുള്ള മാതാപിതാക്കളുടെ അനുഗ്രഹം. അതൊരു ഭാഗ്യം. ഭാഗ്യം..അതിന്റെ നിർവ്വചനം കാലത്തിനു മാത്രം സ്വന്തം.

മുന്നോട്ട് നീങ്ങിയെങ്കിലും വേഗത നഷ്ടപ്പെട്ട് ബസ്സ് ഒരു ട്രാഫിക്ക് കുരുക്കിൽ പെട്ടു നിശ്ചലമായി. അക്ഷമ നിറഞ്ഞ ഹോൺശബ്ദങ്ങൾ ചുറ്റിലുമുയർന്നു. ചില വാഹനങ്ങൾ പുക തുപ്പി നിന്നു കിതച്ചു. കുരുക്കിനിടയിലൂടെ നൂണ്ട് പോകുന്ന ഇരുചക്രവാഹനങ്ങൾ.

അയാൾ ഓർമ്മകളിലൂടെ വീണ്ടും സഞ്ചരിച്ചു തുടങ്ങിയിരുന്നു അപ്പോൾ.
ആദ്യമായി ഒരു വീട്ടിൽ താമസമായത്..ആ വാടക വീട്ടിൽ കനകാമ്പരവും കാനപൂക്കളും ഉണ്ടായിരുന്നു.. സാമ്പാറുണ്ടാക്കിയപ്പോൾ, ‘ഇതു സാമ്പാറാണെങ്കിൽ രസം എങ്ങനെ ഇരിക്കും?’ എന്നു പറഞ്ഞവളെ കളിയാക്കിയത്. അതോർത്തപ്പോൾ ഒരു നേരിയ ചിരി അയാളുടെ ചുണ്ടിൽ വന്നു മാഞ്ഞു. തറവാട്ട് കുളത്തിൽ നീന്തൽ പഠിപ്പിച്ചു തരണമെന്നവൾ പറഞ്ഞത്..മധുവിധുവിനു കൊടൈക്കനാലിൽ പോയിട്ട് മുഴുവൻ സമയവും ‘പുറത്ത് നല്ല തണുപ്പ്. ഒരിടത്തേക്കുമില്ല’ എന്നും പറഞ്ഞ് മൂടിപുതച്ചു കിടന്നത്..ഒക്കെയും ഓർമ്മകൾ മാത്രം. ഏതോ രണ്ടു പേർ. പരസ്പരം ജീവനു തുല്യമിഷ്ടപ്പെട്ട ഒരു യുവതിയും യുവാവും. അങ്ങനെയെ തോന്നുന്നുള്ളൂ. സമയത്തിലൂടെ പിന്നിലേക്ക് സഞ്ചരിച്ചാൽ അവരിപ്പോഴുമവിടെയുണ്ടാവും.

റോഡിലെ ഒരു ചെറിയ അനക്കമുണ്ടായി. വാഹനങ്ങൾ പതിയെ മുന്നോട്ടെടുത്തു തുടങ്ങി. അയാൾ ചുറ്റിലും നോക്കി. ബസ്സ്റ്റോപ്പിൽ നില്ക്കുന്ന ഒരു സ്ത്രീയിലപ്പോഴാണ്‌ ശ്രദ്ധ പതിഞ്ഞത്. അതേ രൂപം. ഇല്ല, ആവാൻ വഴിയില്ല. ആയിരങ്ങൾ താമസിക്കുന്ന ഈ പട്ടണത്തിൽ, ഈ തിരക്കിനിടയിൽ വർഷങ്ങൾക്ക് ശേഷം ബസ്സിൽ സഞ്ചരിക്കുമ്പോൾ, കണ്ണിൽ വന്നുപെടാൻ തക്ക യാദൃശ്ചികത. അതസാധ്യം. അയാൾ ആ സ്ത്രീയെ തന്നെ സൂക്ഷിച്ചു നോക്കി. അവൾ അയാളെ തന്നെ നോക്കിനില്ക്കുകയായിരുന്നു ആ സമയമത്രയും. നോക്കും തോറും അയാൾക്ക് തോന്നി അത് അവൾ തന്നെയാണെന്ന്. തന്റെ രൂപം..ഇപ്പോൾ തനിക്ക് പഴയ പോലെ തല നിറച്ചും ചുരുണ്ടമുടിയില്ല. ശരീരത്തിനു പഴയ ഓജസ്സുമില്ല. ശരിക്കും അവൾ തന്നെ തിരിച്ചറിഞ്ഞുവോ?. അവളും മാറി പോയിരിക്കുന്നു. മുടി നരച്ചുതുടങ്ങിയിരിക്കുന്നു. പക്ഷെ കണ്ണാടി വെച്ച മുഖം..അതവൾ തന്നെയല്ലെ?. കൈയ്യുർത്തിയാലോ?. അതൊ ഇനി ഏതെങ്കിലും അപരിചിത?. തീർച്ചപ്പെടുത്താൻ വാഹനത്തിൽ നിന്നും ഒന്നിറങ്ങി ചെന്നാലോ?.  അടുത്ത് ചെല്ലുമ്പോൾ അതവളല്ലെങ്കിൽ..?. ബസ്സ് മുന്നോട്ടെടുക്കുമ്പോൾ ആ സ്ത്രീ അയാളുടെ നേർക്ക് നോക്കി പതിയെ കൈവീശി കാണിക്കുന്നത് കണ്ട് അയാളും കൈയ്യുർത്തി വീശി കാണിച്ചു. ദൂരെയാത്രകൾക്ക് പോകും മുമ്പ് പണ്ടും ഇതു പോലെ കൈ വീശി കാണിച്ചായിരുന്നു അവൾ യാത്ര പറഞ്ഞിരുന്നത്..തല ഒരു വശത്തേക്ക് ചെരിച്ച് പിടിച്ച്..നിസ്സഹായത നിറഞ്ഞ മുഖഭാവത്തോടെ..അവൾ തന്നെ തിരിച്ചറിഞ്ഞു?. അയാൾ ബസ്സ് മുന്നോട്ടെടുത്തിട്ടും ആ സ്ത്രീയെ തന്നെ നോക്കി കൈ വീശി കാണിച്ചു കൊണ്ടിരുന്നു. അവർ തിരിച്ചും.

ശരിക്കും അത് അവൾ തന്നെയായിരുന്നു?. തനിക്ക് ബസ്സ് നിർത്തിച്ച് അവളുടെ അടുത്തേക്ക് പോകാമായിരുന്നു. ഇനിയൊരിക്കലും കാണില്ല എന്നു പറഞ്ഞ് പിരിഞ്ഞതാണെങ്കിലും. ഇപ്പോൾ താനൊരു വൃദ്ധനായിരിക്കുന്നു, മനസ്സു കൊണ്ടും ശരീരം കൊണ്ടും. താൻ ജീവിക്കുന്നത് തനിക്ക് വേണ്ടി കൂടിയും അല്ല. അവൾ ഇപ്പോൾ.. തനിയെ ആയിരിക്കുമോ?. ഇപ്പോഴും തന്നെ ഓർക്കുന്നുണ്ടാവില്ലെ?. അതോ യാദൃശ്ചികമെന്നു തോന്നുന്ന ഈ കാഴ്ച്ച ഒരു നിമിത്തമാണോ?. എന്താണ്‌ ചെയ്യേണ്ടത്?. ബസ്സ് ഇവിടം വിട്ട് മുന്നോട്ട് പോയ്ക്കഴിയുമ്പോൾ അവൾ മറ്റെവിടെയെങ്കിലും പോകും. ഇനിയൊരിക്കലും കാണുവാനുള്ള സാധ്യതയുണ്ടാവില്ല.

ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഏതോ ഒരു ഉൾവിളി കേട്ടതു പോലെ പെട്ടെന്നെഴുന്നേറ്റയാൾ കണ്ടക്ടറിന്റെ അടുത്തേക്ക് നടന്നു. ബസ്സ്, ട്രാഫിക്ക് തടസ്സത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ആശ്വാസത്തിൽ മുന്നോട്ട് പോകാൻ വേഗതയാർജ്ജിക്കുകയായിരുന്നു അപ്പോൾ. അല്പസമയം കഴിഞ്ഞ്, അവിടെ, ആ മണ്ണിലേക്ക് വർഷങ്ങൾക്കപ്പുറം വീണ്ടും കാലെടുത്ത് വെയ്ക്കുമ്പോൾ, അയാൾക്കു പിന്നിൽ ബസ്സിനുള്ളിൽ ഇരട്ടമണിശബ്ദമുയർന്നു.

Post a Comment

2 comments:

  1. ഓർമ്മകൾക്ക് മുമ്പിലൊരു ട്രാഫിക് ബ്ലോക്ക്

    ReplyDelete
  2. എന്തിനാണ് പിരിഞ്ഞത് നിഗൂഢമായി അവശേഷിപ്പിച്ചു അവസാനിക്കുന്നു. നല്ല കഥ

    ReplyDelete